ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ സൈനികാഭ്യാസം നടത്തുന്നതിനാൽ പാക്കിസ്ഥാൻ വ്യോമാതിര്ത്തിയടച്ചു. സര്‍ക്രീക്ക് മുതല്‍ ഥാര്‍ മരുഭൂമിവരെ 30 മുതൽ നവംബർ പത്തുവരെയാണ് മൂന്ന് സേനകളും ഭാഗമാകുന്ന സൈനിക അഭ്യാസമായ തൃശൂല്‍ നടക്കുക.
കര, നാവിക, വ്യോമ സേനകൾ ഉൾപ്പെടുന്ന അഭ്യാസം സേനകളുടെ സംയുക്ത പ്രവർത്തന ശേഷി, സ്വയം പര്യാപ്തത, നൂതനാശയങ്ങൾ എന്നിവ പ്രകടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
സൈനികാഭ്യാസം നടക്കുന്ന ദിവസങ്ങളിൽ ഈ മേഖലയിലെ വ്യോമപാത ഒഴിവാക്കാന്‍ പ്രതിരോധ മന്ത്രാലയം വ്യോമയാന അഥോറിറ്റിക്ക് നിര്‍ദേശം നല്കി. ഇന്ത്യയുടെ നീക്കത്തിന് പിന്നാലെ പാക്കിസ്ഥാൻ അതിര്‍ത്തി പ്രദേശങ്ങളിലെ സേനാവിഭാഗങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിനും കറാച്ചിക്കും ഇടയിലുള്ള തര്‍ക്ക പ്രദേശമാണ് സര് ക്രീക്ക്. ഇവിടെ പാക്കിസ്ഥാൻ സേന വിന്യാസം നടത്തുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തിരുന്നു.